ഇംഗ്ലീഷ് ഫോർ മല്ലു.

ഇംഗ്ലീഷ് ഫോർ മല്ലു. 

(വായനക്കാർക്ക് ഒരു തുടർവായനാനുഭവം കിട്ടേണ്ടത് ഈ ബ്ലോഗിൻറ്റെ സ്വഭാവത്തിന് അത്യന്താപേക്ഷിതമാകയാൽ ഒറ്റ ഒരു പോസ്റ്റിൽ കൂട്ടിച്ചേർക്കലുകൾ നടത്തിയാണ് മുൻപോട്ട് എഴുതി  പോകുന്നത് .ഏറ്റവും പുതിയതായി അപ്ഡേഷൻ നടത്തിയത്  04/06 / 2023)


ആമുഖം 

                      മലയാളമാണ് നമ്മുടെ മാതൃഭാഷ .എന്നാൽ ഇംഗ്ലീഷാണ് നമ്മുടെ സംബന്ധഭാഷ .സംബന്ധം എന്ന് പറയുമ്പോൾ കല്യാണം എന്നൊന്നുമല്ല കേട്ടോ .പരസ്പരം ബന്ധിപ്പിക്കുന്നത് എന്നെ ഉദ്ദേശമുള്ളൂ . 

                                                             സായിപ്പ് വന്നകാലം മുതൽ തുടങ്ങിയതാണ് നമ്മളെല്ലാം ഇംഗ്ലീഷ് പഠിക്കാൻ .സായിപ്പ് പോയിട്ട് ഏറെക്കാലമായി .എന്നിട്ടും നമ്മളാരും ഇംഗ്ലീഷ് പഠിച്ച് തീർന്നിട്ടില്ല .ഇതിനിടക്ക്  സായിപ്പിൻറ്റെ ഭാഷക്ക് നമ്മളൊരു പേരുമിട്ടു , "ആംഗലേയം ". ലോകത്ത് മറ്റെങ്ങും നടന്നിട്ടുണ്ടാവില്ല,ഇങ്ങനെയൊരു പേരിടൽ ചടങ്ങ് .

                                                                                                                    ഒരുപാട് കാലമായി  നാമെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നതാണ് സ്പോക്കൺ ഇംഗ്ലീഷിനെ പറ്റിയുള്ള പരസ്യങ്ങൾ,വർത്തമാനങ്ങൾ ഒക്കെ.തപാൽ വഴി നീന്തൽ പഠിക്കാം എന്ന് പറയുന്നത് പോലെ പണ്ടൊക്കെ പുസ്തകങ്ങളിലൂടെയായിരുന്നു ഈ യജ്‌ഞം .പിന്നീടത് ക്ലാസ് മുറികളിലേക്ക് വളർന്നു.ഏറ്റവുമൊടുവിൽ സമൂഹമാധ്യമങ്ങളാണ് ഏറ്റവും പുതിയ തട്ടകം.വാട്സ്ആപ്പ് വഴിയൊക്കെ ഇംഗ്ലീഷ് പഠിക്കാനും പഠിപ്പിക്കാനും തുടങ്ങിയിട്ടുണ്ടത്രെ .ഇതിൻറ്റെ ഫലസിദ്ധിയെ പറ്റി  അത്ര നിശ്ചയമില്ലാത്തതിനാൽ ഇപ്പോൾ ഒരഭിപ്രായം പറയുന്നില്ല.

                                                                                                                                   ഈ കുറിപ്പുകളെഴുതുമ്പോൾ എനിക്ക് ഈ  ഉദ്ദേശങ്ങളേ  ഉള്ളൂ .എല്ലാ മലയാളിക്കും ഇംഗ്ലീഷ് വായിച്ച് മനസ്സിലാക്കാൻ പറ്റണം,എഴുതി ഫലിപ്പിക്കാൻ പറ്റണം , അത്യാവശ്യം സംസാരിക്കാനും പറ്റണം .അത്ര മാത്രം.ഈ ബ്ലോഗിന് ഫലസിദ്ധിയുണ്ടെന്നു തോന്നിയാൽ ഷെയർ ചെയ്യാൻ മറക്കണ്ടാട്ടൊ !നിർദ്ദേശങ്ങൾ ,തെറ്റുകുറ്റങ്ങൾ,വിമർശനങ്ങൾ ,അഭിപ്രായങ്ങൾ ഒക്കെയും ചൂണ്ടിക്കാണിക്കുകയുമാവാം.ഒട്ടും മുഷിയില്ല.



                             നിങ്ങൾ  എങ്ങനെയാണ് മലയാളം പഠിച്ചത് ?

                                                                നിങ്ങൾ എങ്ങനെയാണു മലയാളം പറയാൻ പഠിച്ചത് ?ഞാൻ ചോദിക്കുകയാണ് ?അല്ലെങ്കിൽ വേണ്ട.നമ്മൾ എങ്ങനെയാണ് മലയാളം പഠിച്ചത്? അക്ഷരമാല പഠിച്ചിട്ടാണോ? വ്യാകരണനിയമങ്ങൾ പഠിച്ചിട്ടാണോ ?അല്ലേയല്ല.കണ്ടും കേട്ടും അനുകരിച്ചും ഒക്കെ അങ്ങനെ അങ്ങ് പഠിച്ചു .ഒരു ,രണ്ട് വയസ്സിനും മൂന്നു വയസ്സിനും ഇടക്ക് മലയാളം പറയാൻ തുടങ്ങിയവരാണ് നമ്മളിൽ ഒട്ടുമിക്ക ആളുകളും.ആരും ഒന്നും എങ്ങും പോയി പഠിച്ചതല്ല.ആരും ഒട്ട് പഠിപ്പിക്കാനും വന്നിട്ടുമില്ല.

                                                                    അല്ല ,,,,,,നിങ്ങൾ കുഞ്ഞുങ്ങളെ ശ്രദ്ധിച്ചിട്ടില്ലേ ?അവർ   പറയുന്നത് തെറ്റാണോ ശരിയാണോ എന്നൊന്നും നോക്കില്ല.തെറ്റിപ്പോകുമെന്ന ഒരു ശങ്കയും അവർക്കില്ല.പക്ഷെ നമ്മൾ വലിയവർക്കോ ?മാതൃഭാഷ പോലും കുറച്ചധികം പഠിച്ച് കഴിഞ്ഞാൽ പിന്നെ പറയേണ്ടത് അങ്ങനെയോ അതോ അങ്ങിനെയോ ,ഇങ്ങനെയോ അതോ ഇങ്ങിനെയോ എന്ന ചിന്താക്കുഴപ്പമാണ്  ഉള്ളു നിറയെ.മാതൃഭാഷയിൽ സംസാരിക്കുന്ന  കാര്യത്തിൽ ഈ പേടിയും സംശയവും വെച്ചുകൊണ്ടിരുന്നാൽ നമ്മളെങ്ങിനെ ഇംഗ്ലീഷ് പറയും?

                                                                       വൈക്കം മുഹമ്മദ് ബഷീറിൻറ്റെ ഒരനുഭവം പറയാം .നാടെങ്ങും സഞ്ചരിച്ച് ഒരുപാട് ജീവിതാനുഭവങ്ങളുമായി കഥയെഴുത്തു തുടങ്ങിയ അദ്ദേഹത്തിൻറ്റെ,   അനുജൻ ഒരു മലയാളം അധ്യാപകനായിരുന്നു.ചേട്ടൻറ്റെ കഥകൾ വായിച്ചിട്ട് അനിയൻറ്റെ സംശയം ഇങ്ങനെ ,"ഇക്കാക്കാ ,ഇതിൽ ആഖ്യയും ആഖ്യാതവും എവിടെ ? ". ബഷീറിൻറ്റെ മറുപടി ,"ഒന്നു പോടാ,നിൻറ്റെ ഒരു പുളുങ്കൂസൻ വ്യാകരണം. !"

                                               ങാ ,അപ്പോൾ പറഞ്ഞുവന്നതിതാണ് , സംസാരഭാഷ പഠിക്കാൻ അക്ഷരമാലയുടെയും വ്യാകരണത്തിൻറ്റെയും ഒന്നും ഒരാവശ്യവുമില്ല.പക്ഷേങ്കി ഇന്ന് സംസാരഭാഷ പഠിപ്പിക്കുന്നവരും പഠിക്കുന്നവരും ചെയ്യുന്നത് ഇതാണോ?തുടങ്ങുന്നതേ ഗ്രാമറിലാണ് .എന്നിട്ടോ?ഇല്ലത്ത് നിന്നങ്ങട് പുറപ്പെടുകേം ചെയ്തു,അമ്മാത്തോട്ട് അങ്ങട്ട് എത്തീതുമില്ല  എന്ന മട്ടിലാണ് കാര്യങ്ങളുടെ ഒരു പോക്കേ!ഹൈ !

                                                                    തെറ്റില്ലാതെ ഇംഗ്ലീഷ് ഭാഷ സംസാരിക്കണം,അതും പോരാഞ്ഞിട്ട് നല്ല ഒഴുക്കും വേണം.ഇല്ല ഫ്ലുവെൻസി ഇല്ലിയോ? അത്.....നല്ല കാര്യം . ആരും ഒരു ആക്ഷേപോം പറയത്തില്ല .അയിന് ഇത്രേം കൺഫ്യൂഷൻ വേണോ എന്നാണ് എൻറ്റെ ഒര് ഇത്.ഏത് ?

                                                                                                                              ഇങ്ങനെയൊക്കെ എഴുതിവിടുമ്പോൾ കൊച്ചുകുഞ്ഞുങ്ങൾ മലയാളം പഠിച്ചതുപോലെ തന്നെ നമുക്ക് , അല്ലെങ്കിൽ നമ്മുടെ കുഞ്ഞുങ്ങൾ വലുതാകുമ്പോൾ അവർക്ക് പച്ചവെള്ളം പോലെ ഇംഗ്ലീഷ് സംസാരിക്കാൻ പറ്റുമോ എന്നൊരു ശങ്കയുണ്ടാകും.സ്വാഭാവികം .പക്ഷെ പറ്റും .സാമ്പ്രദായികമാർഗങ്ങൾ ഒന്ന് പൊളിച്ചെഴുതണമെന്നുമാത്രം . വരൂ......നമുക്കൊന്ന് ശ്രമിച്ച് നോക്കാം .

                                                                       മാതൃഭാഷയൊഴികെ മറ്റേത് ഭാഷയും സംസാരിക്കുമ്പോൾ നമ്മുടെ ഉള്ളിൽ ഒരു തത്സമയ വിവർത്തന പ്രക്രിയ നടക്കുന്നുണ്ട്.ഇതിൻറ്റെ വേഗത കൂടുന്നത് അനുസരിച്ച് ആ ഭാഷ സംസാരിക്കുന്നതിൽ നമ്മുടെ ഒഴുക്കും വേഗതയും കൂടുന്നു.കുറയുന്നത് അനുസരിച്ച് ഒഴുക്കും വേഗതയും കുറയുന്നു.അതായത് അവിടെ കൂടുന്നത് അനുസരിച്ച് ഇവിടെ കൂടുന്നു.അവിടെ കുറയുന്നതനുസരിച്ച് ..........ങാ അത് തന്നെ.

              അക്ഷരങ്ങൾ യോജിപ്പിച്ച് നാം  വാക്കുകളുണ്ടാക്കുന്നു.വാക്കുകൾ യോജിപ്പിച്ച് വാചകങ്ങളുണ്ടാക്കുന്നു.ഇവയൊക്കെ ഉപയോഗിച്ച് നാം സംസാരിക്കുന്നു,എഴുതുന്നു,വായിക്കുന്നു..അക്ഷരങ്ങൾ യോജിപ്പിച്ചാൽ മാത്രം വാക്കാകുമോ ?ഇല്ല .ഒന്നുകിൽ അത് മുൻപേ ഭാഷയിൽ ഉള്ളതായിരിക്കണം.അല്ലെങ്കിൽ പിൽക്കാലത്ത് ഭാഷയുടെ ഭാഗമാകണം .വാക്കുകൾ അർത്ഥപൂർണമായി സംയോജിപ്പിച്ചാൽ മാത്രമേ അത് ഒരു വാചകമായി മാറൂ."നിറമില്ലാത്ത പച്ച ആശയങ്ങൾ ഭയാനകമായി ഉറങ്ങുന്നു." (COLOURLESS GREEN IDEAS SLEEP FURIOUSLY.) അസംബന്ധവാചകത്തിന് ഒരുദാഹരണമായി പ്രശസ്ത ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ നോം ചോംസ്കി പറഞ്ഞതാണിത്.

                                                                              വാചകങ്ങളുടെ ഘടന രണ്ടു ഭാഷകളിൽ ഒരേപോലെ ആയാൽ അതിൽ ഒരു ഭാഷ പഠിച്ചയാൾക്ക് മറ്റേ ഭാഷ പഠിക്കാൻ എളുപ്പമാവും.മലയാളത്തിൽ "നീ എവിടെ പോകുന്നു?"എന്ന് ചോദിക്കുന്നത് തമിഴിൽ," നീ എങ്കെ പോറേൻ?" എന്നാണ് .നീ എന്നത് രണ്ടു ഭാഷയിലും ഒറ്റ വാക്കാണ്.തുടർന്ന് വരുന്ന രണ്ടു വാക്കുകളിൽ മാത്രമാണ് ചെറിയ വ്യത്യാസം. രണ്ടു വാചകങ്ങളിലും വാക്കുകൾ അടുക്കി വെച്ചിരിക്കുന്നത് ഒരേ രീതിയിൽ ആണ്.അത് കൊണ്ടാണ് മലയാളിക്ക് മലയാളം വാക്കുകൾ കൂട്ടിക്കലർത്തി തമിഴ് പോലെ സംസാരിക്കാൻ കഴിയുന്നത്.തമിഴന് അതേ പോലെ  തിരിച്ചും.ഇതേ വാചകം ഇംഗ്ലീഷിൽ ചോദിക്കുമ്പോൾ ," Where do you go ?"എന്നാവുന്നു.പദാനുപദം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുമ്പോൾ "എവിടെ ആണ് നീ പോവുന്നു ?"എന്നാണ് ലഭിക്കുക.

                                                          ഒരു ഉദാഹരണം  കൂടി പറയാമെ.

ഞാൻ ഒരു പാട്ടു പാടി .(പേടിക്കണ്ട ,എനിക്ക് പാട്ടുപാടാനൊന്നും അറിയില്ല )ഇനി വായിച്ചോളൂട്ടോ 

I  sang a song.

ഇത് ഇനി പദാനുപദം മലയാളത്തിലേക്ക് ഒന്ന് മാറ്റി നോക്കാം.

I       sang a      song.

ഞാൻ പാടി ഒരു പാട്ട് .

1              2          3          4  ഇത് ഇനി ഇങ്ങനെ മലയാളത്തിൽ കൊണ്ടുവരണം.

1              3         4           2 

                                                        ഈ വ്യത്യാസം മനസിലായാൽ പിന്നെ കാര്യങ്ങൾ എളുപ്പമായി.

                          



                                             സംസാരഭാഷ കൊണ്ട് മാത്രമല്ല ആംഗ്യഭാഷ കൊണ്ടും ആശയവിനിമയം നടത്താൻ മനുഷ്യനാവും .സംസാരശേഷി ഇല്ലാത്തവർ ആംഗ്യഭാഷയിലൂടെ നന്നായി ആശയവിനിമയം നടത്തുന്നത് ഞാൻ  പലപ്പോഴും കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.സംസാരഭാഷയിൽ ആംഗ്യങ്ങൾക്കും നല്ലൊരു പ്രാധാന്യം ഉണ്ട്.

                                                                                          ആംഗ്യങ്ങൾക്ക് മാത്രമല്ല മുഖഭാവങ്ങൾക്കും വികാരപ്രകടനങ്ങൾക്കും ആശയവിനിമയത്തിൽ ഒരു വലിയ പങ്കുണ്ട്.

                                   കാര്യങ്ങൾ വലിച്ചുനീട്ടിയും പരത്തിയും പറയാതെ ആശയസംവേദനം നടത്തുക എന്നതാണ് സംസാരഭാഷയിൽ അത്യാവശ്യം.

"നീ എവിടെ പോവുകയാണ്?" എന്ന ചോദ്യത്തിന് "ഞാൻ ചന്തയിൽ പോവുകയാണ്" എന്ന് പറയുന്നതിന് പകരം "ചന്തയിലേക്ക്"എന്ന് ഒറ്റവാക്കിൽ ചുരുക്കി പറയാമല്ലോ.

ഇത് ഇംഗ്ലീഷിൽ ഇങ്ങനെ 

WHERE DO YOU GO ?

I GO TO MARKET .

TO MARKET .

                          ഇതിൽ ഏതാണ് എളുപ്പം എന്നത് നമുക്ക് തന്നെ കണ്ടറിയാം,ഏതാണ് വേണ്ടതെന്നു തീരുമാനിക്കാം.

                                                             ഉം എന്ന ഒരു മൂളലിലൂടെ YES എന്നും ഉം ഉം എന്ന രണ്ടു  മൂളലിലൂടെ NO എന്നും പെട്ടെന്ന് പറയാൻ സാധിക്കുമല്ലോ,

                                                                          നമ്മൾ വർത്തമാനം പറയുന്നത് വർത്തമാനകാലത്താണ് .പക്ഷെ നമ്മുടെ വർത്തമാനം കൂടുതലും ഭൂതകാലത്തെ പറ്റിയാണ്.വളരെ കുറച്ച് മാത്രം ഭാവികാലത്തെ പറ്റിയും .വർത്തമാനകാലത്തെ പറ്റിയുള്ള വർത്തമാനം ഇവയുടെ ഒത്ത മധ്യഭാഗത്താവും നിലയുറപ്പിച്ചിട്ടുണ്ടാവുക.

                                                                                              മലയാളത്തിൽ നമുക്ക് ഭൂതം ,ഭാവി,വർത്തമാനം എന്നിങ്ങനെ മൂന്ന് കാലങ്ങളുണ്ട്.ഇത് മലയാളത്തിൽ മാത്രമല്ല,ലോകത്തിൽ എല്ലായിടത്തും ഈ മൂന്ന് കാലങ്ങൾ മാത്രമേയുള്ളൂ .

                                     നമ്മൾ മലയാളികൾ കാലത്തെ മൂന്നിൽ ഒതുക്കുമ്പോൾ സായിപ്പ് ഓരോ കാലത്തെയും വീണ്ടും നാല് വീതമാക്കി പിരിച്ചിട്ടുണ്ട്.ഇത് കൊണ്ട് മലയാളത്തിന് എന്തെങ്കിലും ഇകഴ്‌മയോ ഇംഗ്ലീഷിന് എന്തെങ്കിലും പുകഴ്‌മയോ ഇല്ല. കാരണം ഈ ഉൾപ്പിരിവുകളൊന്നുമില്ലാതെ എല്ലാ കാലങ്ങളെയും ഉൾക്കൊള്ളാൻ നമ്മുടെ ഭാഷക്ക് ആവുന്നുണ്ട്.അതിനാൽ അർത്ഥവ്യതിയാനം വരാതെ ഏതൊരു ഇംഗ്ലീഷ് വാചകവും മലയാളത്തിൽ ആക്കാൻ നമുക്ക് സാധിക്കും.

                                                                  എന്നാൽ നമുക്ക് ആദ്യം വർത്തമാനകാലത്തെപ്പറ്റി വർത്തമാനം പറഞ്ഞുതുടങ്ങാം.ഇംഗ്ലീഷിൽ വർത്തമാനകാലത്തിന് മുൻചൊന്നപോലെ നാലു പിരിവുകളുണ്ട്.ആദ്യത്തേതാണ് SIMPLE PRESENT TENSE.ഈ ടെൻസിൽ വരുന്ന ഒരു വാചകം നമുക്കാദ്യം എഴുതാം .

       "അയാൾ കഥ എഴുതുകയാണ്."

ഇംഗ്ലീഷിൽ ഇതിനെ 

         HE WRITES STORY എന്നെഴുതാം .

HE എന്നത് നമുക്ക് കർത്താവും സായിപ്പിന് SUBJECT ഉം ആണ് .ക്രിയ ചെയ്യുന്ന ആളാണ് കർത്താവ് .അതായത് നമ്മൾ പ്രസ്താവിക്കുന്ന കാര്യത്തിൽ പ്രധാനപ്പെട്ട റോൾ ഈ SUBJECT-ൻറ്റെത് ആവും.WRITES എന്നത് ക്രിയ അഥവാ VERB .STORY എന്നത് കർമ്മം.അപ്പോൾ 

കർത്താവ് +ക്രിയ +കർമ്മം 

                                                           എന്ന് ഇംഗ്ലീഷിലും (SUBJECT + VERB +OBJECT )

കർത്താവ് +കർമ്മം +ക്രിയ (SUBJECT +OBJECT +VERB )  എന്ന് മലയാളത്തിലും കാണാൻ കഴിയും .

             മറ്റൊരു രീതിയിൽ ചുരുക്കി പറഞ്ഞാൽ 

S +V +O (ഇംഗ്ലീഷ്)

S +O +V (മലയാളം)

                                        ഇനി എന്ത് കൊണ്ടാണ് എഴുതുക/WRITE  എന്നതിന്റ്റെ കൂടെ ഒരു -ES കൂട്ടിച്ചേർക്കുന്നത് ?

                           ഇതിനിടയിൽ ഒരു കാര്യം പറഞ്ഞോട്ടെ .നിങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ തന്നെ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ 

https://www,writeenglishright.blogspot.com

 എന്ന ബ്ലോഗ് കൂടി സന്ദർശിക്കാൻ അഭ്യർത്ഥിക്കുന്നു .സംസാരത്തിനിടയിൽ പരസ്യം കേറ്റിയതിൽ ഖേദിക്കുന്നു.ആവശ്യം വന്നാൽ ഇനിയും ഖേദിക്കാം .എങ്കിൽ തുടരാം.

                                     SIMPLE PRESENT TENSE ൽ I / WE/  YOU /THEY/OTHER PLURAL SUBJECTS  എന്നിവയോടൊപ്പം ക്രിയയുടെ അടിസ്ഥാനരൂപവും (BASE FORM OF THE VERB )ഉം  HE/ SHE/IT /OTHER SINGULAR SUBJECTS എന്നിവയോടൊപ്പം VERB ൻറ്റെ S /ES/ IES രൂപങ്ങളോ ആവും ഉണ്ടാവുക.പേടിക്കരുത്.അതിന് ആർക്കാണ് പേടി?

I WRITE A  STORY.

WE WRITE STORIES.

YOU WRITE A STORY.

THEY WRITE STORIES.

STUDENTS WRITE STORIES.

HE WRITES  A STORY.

SHE WRITES A STORY.

RANJITH WRITES A STORY.

ANJALI WRITES A STORY.

SIDDIQUE AND LAL WRITE A STORY.

                                                                        ഇവിടെ ഒരു കഥയാണോ അതോ ഒരുപാടു കഥകളാണോ എഴുതിയത് എന്നതല്ല എഴുതിയത് ആരാണെന്നതാണ് പ്രധാനം.

                                             ഒരുപാട് പരത്തിപ്പറയാതെയും തിരുത്തിപ്പറയാതെയും നമുക്ക് present tenseൻറ്റെ  രണ്ടാമത്തെ പിരിവിലേക്കു തിരിയാം.ഇത് യഥാർത്ഥത്തിൽ ആദ്യം പറഞ്ഞ simple present tense നേക്കാൾ simple ആണ് .ആദ്യം നമുക്ക് ഇതിൻറ്റെ രൂപം അഥവാ form ഒന്ന് നോക്കാം.

subject+is/ am/are+ing  form of the verb+(object )

                                            വർത്തമാന കാലത്ത് തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളെ പറ്റി പറയാനാണ് നാം ഈ tense ഉപയോഗിക്കുന്നത്.Subject I അഥവാ ഞാൻ ആണെങ്കിൽ am എന്ന് ചേർക്കാം.He/ She/ It എന്നിങ്ങനെയുള്ള singular subject കളാണെങ്കിൽ തുടർന്ന് is എന്നും മറ്റ് plural subject കളാണെങ്കിൽ are എന്നും ചേർക്കാം.

                                  ഇവിടെ ഒരു സമാധാനം ഉള്ളത് subject ആരായാലും verb ൻറ്റെ ing form ചേർത്താൽ മതി എന്നുള്ളതാണ്.

                        പഴയ ഉദാഹരണങ്ങളിലേക്കു തന്നെ തിരിച്ച് പോകാം.

"അയാൾ കഥ എഴുതുകയാണ്"(He writes story )എന്നത്  "അയാൾ കഥ എഴുതിക്കൊണ്ടിരിക്കുകയാണ്"എന്നാക്കണം 

He is writing story എന്നെഴുതിയാൽ O.K (തുടരും) 

I AM WRITING A STORY.

WE ARE WRITING STORIES.

YOU ARE WRITING A STORY.

THEY ARE WRITING STORIES.

STUDENTS ARE WRITING STORIES.

HE IS WRITING A STORY.

SHE IS WRITING A STORY.

RANJITH IS WRITING A STORY.

ANJALI IS WRITING A STORY.

SIDDIQUE AND LAL ARE WRITING A STORY.

                                         ഇവിടെ മനസിലാക്കാൻ അതിസങ്കീർണമായി ഒന്നുമില്ല.

എഴുതുന്നു-എഴുതിക്കൊണ്ടിരിക്കുന്നു 

കാണുന്നു-കണ്ടുകൊണ്ടിരിക്കുന്നു .എന്ന രീതിയിൽ അർഥം ഗ്രഹിച്ചാൽ മതി.

                                                ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ഒരു സംശയം ചിലപ്പോൾ ഉയർന്നു വന്നേക്കാം.എങ്ങനെയാണ് ഒരു verb നോട് ing ചേർക്കുക.verb ൻറ്റെ base form ൻറ്റെ അവസാനം ഒരു consonant നു ശേഷം e എന്ന vowel ഇൽ ആണ് അവസാനിക്കുന്നത് എങ്കിൽ e  എന്നത് ഒഴിവാക്കി വേണം ing ചേർക്കാൻ.മറ്റു verb കളോട് നേരിട്ട് ing ചേർക്കാം.

         Example-:

rise-rising .                   രണ്ട് vowels ന് ശേഷമാണ് എങ്കിൽ നേരിട്ട് ing ചേർക്കാം.

         Example -:

continue -continuing (ഇവിടെ e പോയി )

run -running (ഇങ്ങനെയുള്ള ഇരട്ടിപ്പുകളും ചിലയിടങ്ങളിൽ വരാറുണ്ട്)

go-going (ing നേരേയങ്ങ് ചേർക്കുകയാണ് )

                                         ഉദാഹരണങ്ങൾ പറഞ്ഞുപോവാനാണെങ്കിൽ ഒരുപാടുണ്ട്.ആവശ്യം വന്നാൽ ഇനിയും നമുക്ക് കൂട്ടിച്ചേർക്കാം.ഇപ്പോൾ മുൻപോട്ട് ,അടുത്ത പാഠഭാഗത്തിലേക്കു പോകാം.

                                  അടുത്തത് Present Perfect Continuous Tense ആണ്.അതിൻറ്റെ രൂപം ഇതാണ്.

Subject+has/have+ing form of the verb+(object )

                                                    ഇനി എവിടെയാണ് ഈ tense use ചെയ്യുന്നതെന്ന് നോക്കാം.

                    കുറച്ച് സമയം മുൻപ് ആരംഭിച്ചതും ഇപ്പോളും തുടർന്ന് പോരുന്നതുമായ കാര്യങ്ങളെക്കുറിച്ചുപറയാനാണ് നമ്മളീ TENSE ഉപയോഗിക്കുന്നത്.

                            ഉദാഹരണത്തിന് 

I have been writing a story എന്ന് പറഞ്ഞാൽ നിങ്ങൾ മനസിലാക്കേണ്ടത് ഞാനിപ്പോഴും ആ കഥ എഴുതിക്കൊണ്ടേയിരിക്കുകയാണെന്നും അത്  തുടങ്ങിയത് കുറച്ച്  മുൻപ് ആണെന്നുമാണ്.

                    I ,we ,you ,they ഇവയ്ക്ക് ശേഷം have ആണ് ഉപയോഗിക്കേണ്ടത്. He , She ,It എന്നിവക്ക് ശേഷമാണെങ്കിൽ has എന്നാണ് ഉപയോഗിക്കേണ്ടത്.

                              കുറച്ച് ഉദാഹരണങ്ങൾ കൂടി പറയാം .

They have been writing stories.

She has been writing a story. 

He has been writing a story.

Siddique has been writing a story.

Lal has been writing a story.

Siddique and Lal have been writing a story for their new movie.






                                 




                     













































                                             



























 

























                                                                













                                                   

 











 















                                                                                                                          






                                                                                       

                                                             

                                                      

                                                                     






Comments